പാലക്കാട്: ആർപിഎഫിന്റെ ഓപ്പറേഷൻ സത്തർക്കിന്റെ ഭാഗമായി പാലക്കാട് ആർപിഎഫ്, ആർപിഎഫ് ക്രൈംബ്രാഞ്ച് സംയുക്തസംഘം ട്രെയിനിൽ നടത്തിയ പരിശോധനയിൽ 15 കുപ്പി വിദേശമദ്യവുമായി പാൻട്രി ജീവനക്കാരൻ പിടിയിൽ. ˘
ദിബ്രുഗഡിൽനിന്നു കന്യാകുമാരിയിലേക്കുള്ള വിവേക് എക്സ്പ്രസിലെ പാൻട്രി ജീവനക്കാരൻ ബംഗാൾ സ്വദേശി അനുപം താലുക്ദാർ (32) ആണ് ബാഗിനകത്തു സൂക്ഷിച്ച 15 കുപ്പി വിദേശമദ്യവുമായി പിടിയിലായത്. ചോദ്യംചെയ്യലിൽ ട്രെയിനിലെ യാത്രക്കാർക്കു കൂടിയ വിലയ്ക്കു വിൽക്കാൻവേണ്ടിയാണു മദ്യം സൂക്ഷിച്ചതെന്നു സമ്മതിച്ചു.
ആർപിഎഫ് പാലക്കാട് ഇൻസ്പെക്ടർ സി. ഗിരീഷിന്റെ നേതൃത്വത്തിൽ ആർപിഎഫ് ക്രൈം വിംഗ് എസ്ഐ എ.പി. അജിത് അശോക്, എഎസ്ഐമാരായ കെ. ദേവരാജൻ, സജി അഗസ്റ്റിൻ, കോണ്‍സ്റ്റബിൾമാരായ എം. പ്രസാദ്, എൻ. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്. പ്രതിയെയും പിടികൂടിയ മദ്യവും കേരള എക്സൈസിനു കൈമാറി. എക്സൈസ് സംഘം കേസ് രജിസ്റ്റർ ചെയ്ത് തുടരന്വേഷണം ആരംഭിച്ചു.